ആവശ്യത്തിന് ജീവനക്കാരില്ലാത്തത് രാജ്യത്തെ ബാങ്കിങ് മേഖലയെ പ്രതിസന്ധിയിലാക്കിയിരിക്കുന്നു. ദേശസാല്‍ക്കരണത്തിലൂടെ വന്‍ കുതിച്ചുചാട്ടം നേടിയ ബാങ്കിങ് മേഖല പിന്നീട് സ്വകാര്യവത്ക്കരണത്തിനും കരാര്‍ നിയമനങ്ങളിലുമെത്തി നില്‍ക്കുന്ന ഇതേ കാലയളവില്‍ തന്നെയാണ് ജീവനക്കാരുടെ ക്ഷാമം ഗുരുതരമായ പ്രതിസന്ധി സൃഷ്ടിക്കുന്നത്. വിരമിച്ച ജീവനക്കാര്‍ക്ക് പകരം ആളില്ലാത്തതും പുതിയ നിയമനം നടക്കാത്തതും കടുത്ത പ്രതിസന്ധിയാണ് ബാങ്ക് ഇടപാടുകള്‍ക്ക് സൃഷ്ടിക്കുന്നത്.
എസ്.ബി.ഐയില്‍ മാത്രം അരലക്ഷത്തോളം ജീവനക്കാരുടെ ക്ഷാമമാണ് നേരിടുന്നതെന്നത് പ്രശ്‌നം എത്ര ഗുരുതരമാണ് എന്നതിന്റെ സൂചനയാണ്. എസ്.ബി.ഐയും ഗ്രാമീണബാങ്കിങ് സംവിധാനങ്ങളൊരുക്കുന്ന കോ-ഓപ്പറേറ്റീവ് ബാങ്കുകളും ഉള്‍പ്പെടെ മിക്കവാറും ബാങ്കുകള്‍ ജീവനക്കാരുടെ അഭാവത്താലും താല്‍ക്കാലിക കരാര്‍ ജീവനക്കാരുടെ അധികജോലിഭാരത്തിലുമാണ് മുന്നോട്ടുപോയിക്കൊണ്ടിരിക്കുന്നത്. ഇത് കടുത്ത പ്രതിസന്ധിയായാണ് ബാങ്കിങ് മേഖലയെ ബാധിച്ചിരിക്കുന്നതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.
ബാങ്കുകളിലെ സര്‍ക്കാര്‍ പദ്ധതികളുടെ നടത്തിപ്പിനേയും ധനവിനിയോഗത്തേയും ഇത് ദോഷകരമായി ബാധിച്ചിട്ടുമുണ്ട്. ബാങ്കിങ് മേഖലയിലെ താഴേത്തട്ടിലുള്ള ജീവനക്കാരുടെ കാര്യത്തിലും ദശകങ്ങളായി നിയമനം നടന്നിട്ടില്ല. പ്യൂണ്‍, അറ്റന്‍ഡര്‍, സ്വീപ്പര്‍, സെക്യൂരിറ്റി ഗാര്‍ഡ് എന്നിവരുള്‍പ്പെടെയാണിത്. ക്ലറിക്കല്‍ ജീവനക്കാരുടെ എണ്ണം വര്‍ധിപ്പിക്കാതെ ബാങ്കുകളുടെ പ്രവര്‍ത്തനങ്ങള്‍ നടത്താവാത്ത സ്ഥിതിയിലാണെന്ന് ജീവനക്കാരുടെ സംഘടന തന്നെ പറയുന്നു. ഓള്‍ ഇന്ത്യ ബാങ്ക് സ്റ്റാഫ് യൂണിയന്‍ കോണ്‍ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി വൈ.കെ.അറോറ തന്നെ ഇക്കാര്യം വ്യക്തമാക്കി മുന്നോട്ടുവന്നിട്ടുണ്ട്. 1984 ന് ശേഷം ബാങ്കിങ് രംഗത്ത് ആനുപാതികമായ നിയമനം നടന്നിട്ടില്ലെന്ന് അറോറ പറയുന്നു.
ഗ്രാമീണ-നഗര മേഖലകളിലെ ബാങ്കിങ് പ്രവര്‍ത്തനം ജീവനക്കാരുടെ അഭാവം മൂലം അവതാളത്തിലാകുമെന്ന് നിരവധി റിപ്പോര്‍ട്ടുകള്‍ വന്നിട്ടും കാര്യക്ഷമമായ ഒരു പരിഹാരം ഉണ്ടായില്ല. ഡി.സി.ടി സ്‌കീം (ഡയറക്ട് കാഷ് ട്രാന്‍സ്ഫര്‍) സംവിധാനം ജീവനക്കാര്‍ക്ക് നേരിട്ട് നടത്താന്‍ ഇതുമൂലം കഴിയില്ലാണെന്ന് ബാങ്കിങ് രംഗത്തെ ജീവനക്കാര്‍ പറയുന്നത്. തമിഴ്‌നാട് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലെ കാര്‍ഷിക ബാങ്കുകള്‍, കേരളത്തിലെ എസ്.ബി.ടി. തുടങ്ങി മിക്കവാറും ബാങ്കുകളുടെ അവസ്ഥ ഇതെല്ലാം ഒന്നുതന്നെ. സബ്‌സിഡികള്‍ ബാങ്ക് അക്കൗണ്ടുകളിലെത്തിക്കുന്ന പുതിയ പദ്ധതി പ്രാവര്‍ത്തികമാകുന്നതോടെ ബാങ്കുകളുടെ പ്രവര്‍ത്തനത്തിലെ പ്രതിസന്ധി അതീവ ഗുരുതരമാകുമെന്നുറപ്പാണ്.
എസ്.ബി.ഐയിലെ ജീവനക്കാരുടെ അഭാവത്തിന്റെ ശതമാനക്കണക്ക് അമ്പരപ്പിക്കുന്നതാണ്. 2001 ല്‍ സ്വയം വിരമിക്കല്‍ പദ്ധതി കൂടി വന്നതോടെ ഒരു ലക്ഷത്തോളം ജീവനക്കാര്‍ കൂട്ടത്തോടെ വിരമിച്ചെങ്കിലും പകരം നിയമനങ്ങള്‍ നടന്നില്ലെന്നതാണ് ഇതിന് പ്രധാന കാരണം. നബാര്‍ഡ് ഉള്‍പ്പെടെയുള്ള വിവിധ ഉദ്ദേശ പദ്ധതി നിര്‍വഹണ ബാങ്കുകളിലേയും സ്ഥിതി ഇതുതന്നെ. നബാര്‍ഡിലെ മിക്ക ഓഫീസുകളിലും ഓഫീസര്‍ തസ്തിക നബാര്‍ഡില്‍ ഒഴിഞ്ഞുകിടക്കുകയാണെന്ന് നേരത്തെ വാര്‍ത്തകള്‍ വന്നതാണ്.
Courtesy : Mathrubhumi News
No comments:
Post a Comment